തയ്യാറാക്കിയത്: Sarath sasi
“കുക്കിങ് ഗ്യാസ് വില വർദ്ധന ഉണ്ടായപ്പോൾ നാവിറങ്ങിപ്പോയോ, പണ്ട് അല്പം വില കൂടിയപ്പോൾ തെരുവിൽ കഞ്ഞി വെച്ചു പ്രതിഷേധിച്ചിരുന്നല്ലോ?” എന്നൊക്കെ ചോദിച്ചു ഇൻബോക്സിൽ വരുന്ന നിഷ്കളങ്കരോടാണ്. പാവയ്ക്കാ വലുപ്പം മാത്രമുള്ള ഇട്ടാവട്ടത്ത് പെട്ട് പോയ നിങ്ങൾ അല്പം കൂടി അന്തര്ദേശിയമായി ചിന്തിക്കാൻ ശ്രമിക്കണം.വിദേശ രാജ്യങ്ങളിലെ അടുക്കള നേരിൽ വേണ്ട, സിനിമയിൽ എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ആകെ മൂന്നും നാലും ചെറിയ പാനുകളും, ഒന്നോ രണ്ടോ പാത്രങ്ങളും, ഒരു ഇലക്ട്രിക്ക് ഓവനും, പിന്നെ പേരിന് മാത്രം ഒരു കുഞ്ഞടുപ്പും. എന്താണ് കാരണം?വിദേശീയർ നമ്മളെപ്പോലെ കരിച്ചും, മൊരിച്ചും, പലവട്ടം പുഴുങ്ങിയും ഒന്നുമല്ല ഭക്ഷണം കഴിക്കുന്നത്, രണ്ട് കഷ്ണം ബ്രെഡ് എടുക്കും, ഒരു തക്കാളി, ഇച്ചിരി പച്ചില, ഇത്തിരി ചീസ്, മാംസാഹാരികൾ ആണെങ്കിൽ സംസ്കരിച്ച അല്പം മാംസം ഇതൊക്കെ ബ്രെഡിനിടയിൽ തിരുക്കിവെക്കും. സംഭവം കഴിഞ്ഞു. അഞ്ചു മിനിറ്റിൽ ബ്രെക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം റെഡി. ദിവസം മുഴുവൻ അടുക്കളയിൽ നിൽക്കേണ്ട, പാത്രം കഴുകി കയ്യിലെ സ്കിൻ ചീത്തയാക്കേണ്ട, മണവും ശബ്ദവും കൊണ്ട് അയല്പക്കത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തേണ്ട. എത്ര ലളിതം.നമ്മളും ഈ വിദേശമാതൃക പിന്തുടർന്നാൽ നമ്മൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നതിനൊപ്പം, ദിവസേന അടുക്കളയിൽ ഹോമിക്കപ്പെടുന്ന എത്രയോ ജീവിതങ്ങളാണ് രക്ഷപ്പെടുക. അടുക്കളയിൽ ചിലവിടുന്ന ആ മണിക്കൂറുകൾ പ്രൊഡക്ടീവ് ആയി ഉപയോഗിക്കാൻ കഴിഞ്ഞാൽ അടുത്ത പത്ത് വർഷത്തിൽ എന്താകും നമ്മുടെ രാജ്യത്തിന്റെ വളർച്ച? ഇതിനെല്ലാം വിഘാതമായി നിൽക്കുന്നത് കുക്കിങ് ഗ്യാസിന്റെ അനായാസേനയുള്ള ലഭ്യതയും, കുറഞ്ഞ വിലയുമാണ്.അതവിടെ നിൽക്കട്ടെ, ഗ്യാസ് ഉപയോഗിച്ചിട്ടുള്ള എല്ലാവർക്കും അറിവുള്ളതാണല്ലോ അതിന്റെ രൂക്ഷഗന്ധം. എന്താണ് അതിന്റെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? വാസ്തവത്തിൽ ഈ കുക്കിങ് ഗ്യാസ് വളരെ മോശപ്പെട്ടതും ചീഞ്ഞളിഞ്ഞതുമായ ഒരു വാതകമാണ്. അത് നമ്മളെ ഇടയ്ക്കിടെ ഓര്മിപ്പിക്കാനും, അതിലൂടെ കുക്കിങ് ഗ്യാസിന്റെ അമിതോപയോഗം നിയന്ത്രിക്കാനും വേണ്ടിയുള്ളതാണ് ഈ ദുർഗന്ധം.ഗ്യാസിന്റെ ദുരുപയോഗത്തോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടതാണ് സമ്പന്നരുടെ അമിതാഹാരവും. കുക്കിങ് ഗ്യാസ് സുലഭമായതോടെ സമ്പന്ന വർഗ്ഗം അനാവശ്യമായി ഭക്ഷണ സാധനങ്ങൾ വാങ്ങികൂട്ടാനും, അത് പാചകം ചെയ്തു ഉപയോഗിക്കാനും തുടങ്ങി. ഇതോടെയാണ് ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചത്. സമ്പന്നർക്ക് അമിതാഹാരം മൂലമുള്ള അസുഖങ്ങൾ പെരുകിയതിന്റെ കാരണം കുക്കിങ് ഗ്യാസ് ആണെന്നത് പകൽ പോലെ വ്യക്തമാണ്. ഈ വിഷയം സാധാരണക്കാരെ ബാധിക്കുന്നത് എങ്ങിനെയാണ് എന്ന് നമുക്ക് നോക്കാം.സമ്പന്നർ വിപണിയിൽ ലഭ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ വിപണിയിലെ ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറയുകയും വിലക്കയറ്റം രൂക്ഷമാകുകയും അത് താങ്ങാനാകാതെ സാധാരണക്കാർ കൂടുതൽ പട്ടിണിയിലേക്ക് നയിക്കപ്പെടുകയുമാണ് ചെയ്യുന്നത്. പല തവണ നമ്മൾ അനുഭവിച്ച ഉള്ളിയുടെ വിലവർദ്ധന ഒരുദാഹരണമാണ്.ചുരുക്കി പറഞ്ഞാൽ റിസർവ് ബാങ്ക് പണപ്പെരുപ്പം ബാങ്ക് റേറ്റിലൂടെ നിയന്ത്രിക്കുന്നത് പോലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഗവണ്മെന്റിന്റെ മറ്റൊരു നയമാണ് കുക്കിങ് ഗ്യാസ് വില ഉയരാൻ കാരണം. സാധാരണക്കാരെ പട്ടിണിയിൽ നിന്ന് കരകയറ്റാനും, സ്ത്രീ ശാക്തീകരണത്തിനും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മളെ കൈപിടിച്ചു ഉയർത്തുന്നതിനും, അടുത്ത പത്ത് വര്ഷത്തിലുള്ളിൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും വേണ്ടിയുള്ള ഒരു സർജിക്കൽ സ്ട്രൈക്ക് ആണ് ഈ വില വർദ്ധന.അടിക്കുറിപ്പ്: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്യാസ് വില വർദ്ധനയിൽ പ്രതിഷേധിച്ചത്, അവരെ ഈ വിഷയങ്ങൾ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മാത്രമായിരുന്നു.