മലയാളസിനിമയിലെ ചില കഥാപാത്രങ്ങളൊക്കെ ട്രോളന്മാരായിരുന്നെങ്കിൽ

മലയാളസിനിമയിലെ ചില കഥാപാത്രങ്ങളൊക്കെ ട്രോളന്മാരായിരുന്നെങ്കിൽ

  • Post author:
  • Post category:Malayalam
  • Post comments:0 Comments
  • Reading time:1 mins read

തയ്യാറാക്കിയത്: Mahesh Haridas

മലയാളസിനിമയിലെ ചില കഥാപാത്രങ്ങളൊക്കെ ട്രോളന്മാരായിരുന്നെങ്കിൽ സംഗതി ഒറിജിനലിനേക്കാൾ കളറായേനേന്ന് പലപ്പോഴും തോന്നാറുണ്ട്.

അങ്ങനായിരുന്നെങ്കിൽ, “പുതിയ ആളായതോണ്ടാ, ഇവിടെ ചോദിച്ചാ മതി” എന്ന് പോലീസുകാരനോട് വീരവാദം മുഴക്കുന്ന മംഗലശ്ശേരി നീലകണ്‌ഠനെ നോക്കി “ഏതാണീ വേട്ടാവെളിയൻ? ഞങ്ങക്കറിയാമ്പാടില്ല” എന്നേതേലും നാട്ടുകാരൻ ഉറപ്പായും പറയുമായിരുന്നു.

ഒന്നര കിലോമീറ്റർ ലെങ്ങ്‌ത്തുള്ള ഡയലോഗ് പറഞ്ഞിട്ട് “അല്ലേടാ?” എന്ന് ചോദിക്കുന്ന സക്കീർ ഹുസൈനോട്, “സോറി ഒന്നൂടെ പറയാമോ? ഒരു പ്രാവശ്യം ഒരു പ്രാവശ്യം പ്ലീസ്” ന്ന് ളാഹേൽ വക്കച്ചൻ പറഞ്ഞുനോക്കുമായിരുന്നു.

“യെസ്, ഐ ഹാവ് ഏൻ എക്സ്ട്രാ ബോൺ, ഒരെല്ല് കൂടുതലാണെനിക്ക്” എന്നും പറഞ്ഞ് കസറിനിൽക്കുന്ന ജോസഫ് അലക്സിനോട്, “യ്യോ, ന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ?” എന്നൊരു മറുചോദ്യം മന്ത്രി ജോൺ വർഗ്ഗീസ് തീർച്ചയായും തിരിച്ചുചോദിക്കുമായിരുന്നു….

“മാധവൻ കള്ളനാ, പക്ഷേ മാധവൻ കട്ടതൊന്നും ചേക്ക് വിട്ട് പുറത്തുപോയിട്ടില്ലെ”ന്നും പറഞ്ഞ് പുണ്യാളനാവാൻ നോക്കുന്ന മാധവനോട്, “പോയി പണിയെടുത്ത് തിന്നെടാ നാറീ” എന്ന് ആരേലുമൊക്കെ പറഞ്ഞേനേ.

ഉള്ള കാര്യം തുറന്നുപറഞ്ഞ്‌ പ്രശ്നം സോൾവ്‌ ചെയ്യേണ്ടതിനുപകരം, “എനിക്കൊന്നും കേക്കണ്ടാ” ന്ന് പറഞ്ഞ കവിയൂർ പൊന്നമ്മയെ നോക്കി ‌ “ഞാനൊന്ന് പറയട്ടെ, ഞാനൊന്ന് പറയട്ടേ” ന്നും പറഞ്ഞോണ്ടുനിക്കുന്ന നായകനോട്‌, “തള്ളേടെ വായ പൊത്തിപ്പിടിച്ചിട്ടേലും കാര്യം പറയെടാ കെഴങ്ങാ” ന്ന് ഉപദേശിക്കാൻ ഒരാളെങ്കിലും വന്നേനേ.

ആദ്യരാത്രി ബെഡ്‌റൂമിൽ കയറിയപ്പോൾ തന്റെ ബെഡിൽ ഹരിനാരായണൻ ഇരിക്കുന്നത് കണ്ട് ഞെട്ടി നിൽക്കുന്ന ജയകൃഷ്ണനോട് ഹരിനാരായണൻ പറഞ്ഞേനെ, “യേ മേം കർ ലേത്താ ഹൂം, തും ഡ്രീം ഇലവൻ മേം ടീം ബനാവോ”

ഒരു ബന്ധവുമില്ലാത്തിടത്ത്‌ കേറി “കർണൻ, നെപ്പോളിയൻ,ഭഗത് സിംഗ് … ഇവർ മൂന്നുപേരുമാണെന്റെ ഹീറോസ്. You see the irony, don’t you..മൂന്നും തോറ്റുപോയവരാണ്. അതുകൊണ്ട് പൊരുതി തോറ്റാൽ‍ അങ്ങ് പോട്ടെന്ന് വയ്ക്കും ഞാൻ…പക്ഷെ കളിക്കുന്നത് എപ്പോഴും ജയിക്കാൻ വേണ്ടി മാത്രമായിരിക്കും ,I ALWAYS PLAY TO WIN” എന്ന് ഗീർവാണമടിക്കുന്ന ക്രിസ്റ്റഫർ മോറിയാർട്ടി, “അയിന്?” എന്നൊരു മറുപടി കിട്ടി ചമ്മി തിരിച്ചുപോയേനേ.

“ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ” എന്ന് ഗദ്ഗദപ്പെടുന്ന ബാലാമണിയെ നോക്കി, “ഈ ബോൾ ഞാൻ കണ്ടില്ല. അടുത്ത ബോൾ നീയും കാണില്ല” എന്ന് മനു വെല്ലുവിളിച്ചേനേ…

കടപ്പുറത്ത് പ്രണയിച്ചോണ്ടിരിക്കുമ്പോ “എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്” എന്നൊക്കെ ഫിലോസഫി അടിക്കുന്ന ക്ലാരയോട്, “വട്ടാണല്ലേ?”എന്നേ ജയകൃഷ്ണൻ ചോദിക്കുമായിരുന്നുള്ളൂ…!

നായകനെ തല്ലാൻ വന്നിട്ട്‌ ഊഴം കാത്ത്‌ വരിവരിയായി നിൽക്കുന്ന ഗുണ്ടകളോട്‌, “ഡാ ഉണ്ണാക്കന്മാരേ, ക്യൂ നിന്ന് വാങ്ങാൻ നിന്നെയൊക്കെ പൈന്റ്‌ വാങ്ങാനല്ല വിട്ടത്‌. തല്ലാനാ. ഒരുമിച്ച്‌ പോയി അടിയെടാ” ന്ന് കാശുകൊടുത്ത്‌ തല്ലാൻ കൊണ്ടുവന്നവനെങ്കിലും പറഞ്ഞേനേ.

മോറോവർ, “ചുണയുണ്ടെങ്കി വെക്കെടാ വെടി” എന്നും പറഞ്ഞ് തോക്കിൻകുഴലിന്റെ മുന്നീച്ചെന്ന് വെല്ലുവിളിക്കുന്ന നായകന്മാരൊക്കെ തൊണ്ടയിൽ തുളയുമായി ഓൺ ദി സ്പോട്ടിൽ പടമായി ചുമരിൽ കേറിയേനേ.ഹൌ ബ്യൂട്ടിഫുൾ. ഫുൾ തഗ് ലൈഫ്….!

മഹേഷ്‌ ഹരിദാസ്

Leave a Reply