കൊറോണ എന്ന വാക്ക് ഒരു വൈറസിനെ സൂചിപ്പിക്കാനല്ലാതെ ഉപയോഗിച്ചിരുന്ന കാലമുണ്ട്.
credits: respective owner

കൊറോണ എന്ന വാക്ക് ഒരു വൈറസിനെ സൂചിപ്പിക്കാനല്ലാതെ ഉപയോഗിച്ചിരുന്ന കാലമുണ്ട്.

  • Post author:
  • Post category:Malayalam
  • Post comments:0 Comments
  • Reading time:1 mins read

തയ്യാറാക്കിയത്: Vinaya Raj V R

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 'PITCH DOWN SEPARATION 20° DECELERATION CHUTE 60,000-65,000 FEET SPIN RETRO DE SPIN 550. 000-600,000 FEET MAIN CHUTE 55,000-60 000 FEET THRUST CONE SEPARATION, 540,000-590.000 FEET CHUTE COVER OFF HEAT SHIELD SEPARATION 60,000-65,000 FEET AIR RECOVERY, 15,000 FEET' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ്
credits: respective owner

നമുക്കറിയാം ഇന്ന് കൊറോണ എന്ന് കേട്ടാൽ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത് 2019lൽ ചൈനയിലെ വുഹാനിൽ ഉണ്ടായ നമ്മുടെ ജീവിതശൈലി എല്ലാം മാറ്റിമറിച്ച അസുഖത്തെ കുറിച്ചാണ് . എന്നാൽ അതിന് വർഷങ്ങൾക്ക് മുമ്പേ എ വാക്ക് നമ്മൾ ഉപയോഗിച്ചിരുന്നു. അതിനെ കുറിച്ചാണ് ഈ പംക്തിയിൽ

ശീതയുദ്ധകാലത്ത് അമേരിക്കയുടെ ഒരു ചാരവിമാനം റഷ്യ വെടിവച്ചിട്ടു. പൈലറ്റിനെ ജീവനോടെ തന്നെ പിടികൂടിയെങ്കിലും അക്കാര്യം റഷ്യ പുറത്തുവിട്ടില്ല. വിമാനം കാണാതായി നാലുദിവസത്തിനുശേഷം തങ്ങളുടെ ഒരു കാലാവസ്ഥാവിമാനം തുർക്കിയുടെ വടക്കുഭാഗത്തു നഷ്ടമായിട്ടുണ്ടെന്നും ഓക്സിജൻ ക്ഷാമത്താൽ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പൈലറ്റ് സന്ദേശം അയച്ചിരുന്നുവെന്നും പറഞ്ഞ് വിമാനം നശിച്ചുപോയെന്നും പൈലറ്റ് മരിച്ചുപോയെന്നും ഉറപ്പിച്ച നാസ അക്കാര്യവും പറഞ്ഞ് ഒരു പത്രക്കുറിപ്പ് ഇറക്കി. അന്നുതന്നെ തങ്ങളുടെ അതിർത്തി ലംഘിച്ച ഒരു അമേരിക്കൻ വിമാനം വെടിവച്ചിട്ടെന്ന് റഷ്യ ലോകമാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. അതിൽ പൈലറ്റിനെപ്പറ്റി അവർ ഒന്നും പറഞ്ഞില്ല. അതിനാൽ പൈലറ്റ് മരിച്ചിട്ടുണ്ടാവുമെന്ന ധാരണയിൽ അമേരിക്കക്കാർ തങ്ങളുടെ വാദത്തിൽ ഉറച്ചുനില്ക്കുകയും ചെയ്തു, ഈ കഥ പിന്നെയും നീണ്ടുപോയി ചരിത്രത്തിന്റെ ഭാഗമായി മാറി, അതവിടെ നിൽക്കട്ടെ.ചാരപ്രവർത്തനത്തിന് ഇങ്ങനെ വിമാനം ഉപയോഗിക്കുന്ന രീതി ഇനി ശരിയാവില്ലെന്നു അമേരിക്കക്കാർക്കു മനസ്സിലായി. നാണക്കേടോ പോകട്ടെ, തങ്ങളുടെ സൈനികർ റഷ്യയുടെ കയ്യിലുമാവും അതിലും ഭീഷണി തങ്ങളുടെ വിമാനത്തിന്റെ സാങ്കേതികവിദ്യകൾ മുഴുവൻ പിടിച്ചെടുക്കുന്ന വിമാനങ്ങൾ അഴിച്ചെടുത്ത് അവർ സ്വന്തവുമാക്കും. അങ്ങനെയാണ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് റഷ്യയേയും ചൈനയേയും നിരീക്ഷിക്കാനുള്ള കൊറോണ എന്നറിയപ്പെട്ട പദ്ധതിക്ക് സിഐഎ തുടക്കമിടുന്നത്. ഈ പദ്ധതിയിൽ ആകെ 144 ഉപഗ്രഹങ്ങൾ അമേരിക്കക്കാർ അയയ്ക്കുകയുണ്ടായി. എങ്ങനെയാണ് ഉപഗ്രഹങ്ങളിലെ ക്യാമറകൾ എടുക്കുന്ന ചിത്രങ്ങൾ നാസയ്ക്ക് ലഭിച്ചിരുന്നത്?‌ആദ്യമായി ഇവയൊന്നും ചാരപ്രവർത്തനത്തിനാണെന്നു നാട്ടുകാരുപോലും അറിയാതിരിക്കാനും അവയൊക്കെ ജീവശാസ്ത്രപഠനത്തിനാണെന്നു തോന്നിക്കാൻ അതിൽ വെറുതെ കുരങ്ങന്മാരെയൊക്കെ കൊണ്ടുപോകുക പോലും ചെയ്തു. ഉപഗ്രഹങ്ങൾ എടുക്കുന്ന ചിത്രങ്ങൾ അടങ്ങിയ നെഗറ്റീവ് തിരിച്ചുകൊണ്ടുവരാനായി തയ്യാറാക്കിയ മറ്റൊരു ചെറുവാഹനത്തിൽ കയറ്റി ഉപഗ്രഹത്തിൽ നിന്നും വേർപെടുത്തി താഴേക്കുകൊണ്ടുവരുന്നു. തിരികെവരുമ്പോൾ ഉള്ള കഠിനമായ ചൂട് തടയാനാവശ്യമായ പുറംതോട് 18 കിലോമീറ്റർ ഉയരത്തിൽവച്ച് ഉപേക്ഷിച്ചശേഷം ഒരു പാരച്യൂട്ടിന്റെ സഹായത്തോടെയാണ് ഫിലിം അടങ്ങിയ പേടകം താഴോട്ടുവരുന്നത്. അന്തരീക്ഷത്തിൽ വച്ച് പ്രത്യേകമായി തയ്യാറാക്കിയ വിമാനങ്ങൾ ഇത് പിടിച്ചെടുക്കും. എങ്ങാൻ പിടിച്ചെടുക്കാനാവാതെ ഇവ കടലിൽ പതിച്ചാൽ രണ്ടുദിവസം മാത്രമേ ഇത് കടലിൽ കിടക്കൂ, അതിനകം അമേരിക്കൻ നാവികസേനയ്ക്ക് ഇവ കിട്ടിയില്ലെങ്കിൽ അതിന്റെ പുറംതോട് ഉപ്പിൽ ലയിച്ച് മറ്റാർക്കും കിട്ടാതിരിക്കാൻ കടലിനടിയിലേക്ക് താണുപോകും. ഒരിക്കൽ ഒരു പേടകം വെനിസുവേലയിൽ പതിച്ചതിനുശേഷം ഇത്തരമൊരു സാധനം ആർക്കെങ്കിലും കിട്ടിയാൽ അമേരിക്കയ്ക്ക് നൽകിയാൽ വലിയ പാരിതോഷികം നൽകുന്നതാണെന്ന് എട്ടുഭാഷകളിൽ അവയുടെ പുറത്ത് എഴുതിവച്ചിരുന്നു.ആദ്യമാദ്യം ഇങ്ങനെ ചിത്രങ്ങൾ അടങ്ങിയ ഫിലിമുകൾ എത്തിക്കാനായി നടത്തിയ ഉപഗ്രഹവിക്ഷേപണശ്രമങ്ങളിൽ പലതും പലഘട്ടങ്ങളിൽ പരാജയപ്പെട്ടു. ആദ്യമാദ്യം റോക്കറ്റുകൾ നേരെ ശാന്തസമുദ്രത്തിൽ പതിച്ചു. പലപ്പോഴും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിയില്ല, എത്തിയപ്പോൾ ക്യാമറ തുറന്നില്ല, ഫിലിമിലെ അസറ്റേറ്റ് അടിസ്ഥാനമായ രാസവസ്തു ബഹിരാകാശ ശൂന്യതയിൽ ഉറച്ചുപോയി, അതിനെ മറികടക്കാനായി കൊഡാക്കിനു പുതുതായൊരു രീതി തന്നെ കണ്ടുപിടിക്കേണ്ടിവന്നു. തിരികെ വന്ന പേടകങ്ങൾ തിരിച്ചുപിടിക്കാനാവാതെ നഷ്ടമായി, ചിലതിലെ ചിത്രങ്ങൾ ഫോക്കസിൽ ആയില്ല, തിരികെ വരുമ്പോൾ പാരച്യൂട്ട് തുറന്നില്ല, കടലിൽ വീണ ഫിലിമിൽ വെള്ളം കയറി. ഇങ്ങനെയിങ്ങനെ നൂറുനൂറു വിപരീതാനുഭങ്ങളെ മറികടന്നാണ് അമേരിക്കക്കാർ ശതരാജ്യങ്ങളുടെ ആകാശച്ചിത്രങ്ങൾ എടുത്തത്. വിജയച്ചതിനേക്കാൾ എത്രയോ മടങ്ങായിരുന്നു പരാജയങ്ങളുടെ എണ്ണം. എന്നാൽ ഇവയിൽ ഓരോ വിക്ഷേപണവും തുടർന്നുള്ള ചിത്രമെടുപ്പും ഫിലിം തിരികെ കൊണ്ടുവരലും എല്ലാം പുതിയ പുതിയ പാഠങ്ങൾ ആയിരുന്നു. ഓരോ പിഴവും തിരുത്തിത്തിരുത്തി ആളെ അയയ്ക്കാനും തിരികെയെത്തിക്കാനും ചന്ദ്രനിൽ പോകാനുമെല്ലാം അമേരിക്കക്കായി. ശത്രുവിനെ നിരീക്ഷിക്കാനായുള്ള പരിപാടിയായതിനാൽ സർക്കാർ ഫണ്ടും കിട്ടാൻ തടസ്സമില്ലാതായി.ഇന്നിപ്പോൾ ആർക്കും അവരുടെ ഫോൺ ഉയർത്തി ഞെക്കി ചിത്രങ്ങൾ എടുത്ത് സെക്കന്റുകൾക്കകം ലോകത്തെവിടെയും ആർക്കും എത്തിക്കാമെന്ന നിലയിൽ എത്തുമ്പോഴും കേവലം 60 വർഷങ്ങൾക്കുമുൻപ് അമേരിക്ക ചിത്രങ്ങൾ അടങ്ങിയ ഫിലിമുകൾ ഉപഗ്രഹത്തിൽ നിന്നും തിരികെയെത്തിക്കാനും അവയിൽ നിന്നും ഡാറ്റ ശേഖരിക്കാനും പെട്ട പാട് കെട്ടുകഥ പോലെ തോന്നാം.

Leave a Reply