തയ്യാറാക്കിയത്: Deva Devan
സൈബര്‍ സെക്യൂരിറ്റി സംബന്ധമായി ഏതാനും ദിവസങ്ങള്‍ മുന്‍പെ കൊച്ചി FMല്‍ ഒരു പരിപാടി കേട്ടിരുന്നു. അതില്‍ വളരെ പ്രധാനപ്പെട്ടത് എന്നു തോന്നുന്നതിനോട് വേറെ ചിലകാര്യങ്ങളും കൂട്ടി ചേര്‍ത്ത് പങ്കുവെയ്ക്കുന്നു.
1- മെസേജുകളിലോ ബ്രൗസറുകളിലോ വരുന്ന, അപരിചിതമായ ഒരു ലിങ്കിലും, പ്രത്യേകിച്ചും സെക്യൂരിറ്റി ഡീറ്റൈല്‍സ് ഇല്ലാത്തവ, വെറുതെ ക്ളിക്കാന് പോകരുത്. പിടിച്ചു കൊണ്ടുപോകുന്നത് ഏത് നരകത്തിലോട്ടാണെന്ന് ഒരുപിടിയും ഉണ്ടാകില്ല.
2- വളരെ ആധികാരികമായ രേഖകളുമായി പോലും, ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ കൈമാറ്റ സൈറ്റുകളില്‍ കാണുന്ന പരസ്യങ്ങളില്‍, വിലയായോ കടത്തുകൂലിയായോ പണം മുന്‍കൂര്‍ അയച്ചു കൊടുക്കരുത്. സൈനിക ഉദ്യോഗസ്ഥന്റെ എന്‍ഫീല്‍ഡ് വില്‍ക്കാനെന്ന പേരില്‍, അദ്ദേഹത്തിന്റെ ഐഡികാര്‍ഡ് വരെ കാട്ടി തട്ടിച്ച പരസ്യം നല്കിയ തട്ടിപ്പ് ഓര്‍ക്കുമല്ലോ.
3- ഫോണ്‍ സെറ്റിംഗില്‍ മെസേജ് വായിക്കാനുള്ള അനുവാദം മെസേജ് ആപ്പിന് മാത്രം നല്‍കുക. (ചില ബാങ്കിംഗ് ആപ്പുകള്‍ ഈ പെര്മിഷന് ഇല്ലാതെ പ്രവര്‍ത്തിക്കില്ല.)
ഇരയുടെ ഫോണില്‍ വരുന്ന മെസേജുകള്‍ വായിക്കാനുള്ള പണി വേറെ ഏതെങ്കിലും ആപ്പുകളില്‍ കൂടി ചെയ്തശേഷമാകും ഇന്ത്യയിലെ ഭൂരിപക്ഷം തട്ടിപ്പുകളും നടത്തുന്നതത്രേ. നമ്മളുടെ മൊബൈലില്‍ വന്ന OTP അത്തരം ആപ്പുകളിലൂടെ രഹസ്യമായി ഫോര്‍വേഡ് ചെയ്ത ശേഷം നമ്മളുടെ ഇന്‍ബോക്സില്‍ നിന്നും അവര്‍ അത് ഡിലീറ്റ് ചെയ്യും. പണം പോയ കാര്യം നമ്മളറിയുമ്പോള്‍ OTP വന്നില്ല എന്നും വാദിക്കും. വാസ്തവത്തില്‍ സ്വന്തം ഫോണില്‍ നടന്നതൊന്നും നാം അറിയുന്നില്ല.
5- സോഷ്യല്‍ മീഡിയാ/മെസേജിംഗ്/Calling തുടങ്ങിയ ആപ്പുകള്‍ വഴി അപരിചിതമായ നമ്പരുകളില്‍ നിന്നും ”വീഡിയോ കാള്‍” വന്നാല്‍ യാതൊരു കാരണവശാലും അറ്റന്‍ഡു ചെയ്യരുത്. കാരണം ഏറ്റവും കൂടുതല്‍ നടത്തുന്ന തട്ടിപ്പ് ഈ വഴിയാണത്രേ. നമ്മള് അറ്റന്‍ഡ് ചെയ്യുമ്പോള്‍ വിളിച്ചയാള്‍ വീഡിയോയില്‍ ലൈംഗിക പ്രദര്‍ശനമാകും. മറുവശത്ത് നിന്ന് സ്ക്രീന്‍ റെക്കോര്‍ഡിംഗ് എടുക്കുമ്പോള്‍ നമ്മളുടെ ദൃശ്യങ്ങള്‍ ഉള്ള വിന്‍ഡോയും അതിലുണ്ടാവും. പരസ്പര സമ്മതത്തോടെ തമ്മില്‍ നഗ്നത കാട്ടിയതെന്ന് പ്രചരിപ്പിക്കുമെന്ന ഭീഷണിയില്‍ കാശ് തട്ടലാണ് പണി. ഇത്തരം ഇമേജുകള്‍ എഡിറ്റു ചെയ്തതും ചേര്‍ത്ത് അടുത്ത ആര്‍ക്കെങ്കിലും അയച്ച ശേഷവുമാകുമത്രേ മിക്കവാറും ഭീഷണി. ധാരാളം പേര് ഇത്തരത്തില്‍ ഇരയാക്കപ്പെടുകയും, പണം നല്‍കുകയോ ലൈംഗിക ചൂഷണത്തിന് വഴങ്ങേണ്ടി വരുകയോ ചെയ്യുകയും ബന്ധുക്കള്‍/പങ്കാളി സംശയിച്ചെങ്കിലോ എന്ന പേരില്‍ ഭയന്ന് നിശബ്ദമായി ഇരിക്കുകയും ചെയ്യും.
മമ്മൂട്ടിയുടെ ‘ഭംഗി’ : കഥാപാത്രങ്ങളെ ബാധിക്കുന്നുണ്ടോ?
മടിയില്‍ കനമില്ലാത്തവര്ക്കും മാനം പോയാല്‍ പുല്ലാണെന്നും കരുതുന്നവര്‍ക്കും ഈ പോയിന്റ് ബാധകമല്ല. നമ്മളുടെ ക്യാമറ മറച്ചുപിടിച്ച് അറ്റന്‍ഡു ചെയ്താല്‍ മസാലദോശകളെ പറ്റിക്കാം.
6- Google Pay, PayTM പോലുള്ള UPI കളില്‍ അയച്ചു തരുന്ന ലിങ്കുകള്‍, വരുന്ന റിക്വസ്റ്റുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അതേ പോലെ സമ്മാനത്തുകയും സഹായവും മറ്റും അയച്ചു തരുന്നതിന്റെ ടാക്സ്, ഫീസ് എന്ന ആവശ്യങ്ങളില്‍ വീഴാതിരിക്കുക.
7- ലോട്ടറി, സമ്മാനം, പണം ഇവയൊക്കെ വെറുതെ നല്കാന് തലയ്ക്കോളമുള്ള ആള്ക്കാര് ഈ ലോകത്തുണ്ട് എന്ന് കരുതുന്ന തലയ്ക്കോളമുളളവരുണ്ട് എന്ന് അറിയുന്ന തലയ്ക്കോളമില്ലാത്തവരുണ്ട് എന്നതാണ് സത്യം. തലയ്ക്കോളം ഉണ്ടെന്ന് തലയ്ക്കോളമുള്ളവര് കരുതുന്നവര്ക്കല്ല വാസ്തവത്തില്‍ തലയ്ക്കോളമുള്ളതെന്നതാണ് സംഗതി.8- RBI ഗവര്‍ണര്‍ നേരിട്ടു വന്നു ചോദിച്ചാലും ഒന്നിന്റേയും OTPയും Password ഉം പറയരുത്.9- എല്ലാ ഓണ്‍ലൈന്‍ ഇടപാടുകളുടേയും വ്യവസ്ഥകളും റീഫണ്ടിംഗ് നിയമങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുക.
നമ്മള് അധികം ശ്രദ്ധിക്കാത്തിടത്താവും ചതി ഒളിപ്പിച്ചിരിക്കുന്നത് ഉദാഹരണത്തിന്, സൈബര്‍ സെക്യൂരിറ്റി സംബന്ധിയെന്നു പറഞ്ഞിട്ടും, ഏറ്റവും പ്രധാനപ്പെട്ടതും നാലാമത്തേതുമായ പോയിന്റ് ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടില്ല എന്നത് ശ്രദ്ധിച്ചുവോ? അതു വായിക്കാന്‍ ഈ ലിങ്കില്‍ ക്ളിക്കുക.
നിഷേധം.- ഇതിന്റെ ഒന്നും ടെക്നിക്കല്‍ വശം കൂടുതല്‍ അറിയില്ല. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പറ്റിക്കപ്പെടാതിരിക്കാന്‍ സാധിക്കും എന്ന് കരുതുന്നു. തെറ്റുകള്‍ ഉണ്ടെങ്കില്‍ വിദഗ്ദര്‍ കമന്റില്‍ ഇട്ടാല്‍ തിരുത്താം.